കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരന് വീണ്ടും പാർലമെന്ററി രംഗത്ത് എത്തുമോയെന്ന ചർച്ച സജീവമായി. സുരേഷ് ഗോപിയിലൂടെ ബി ജെ പി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന തൃശൂർ നിലനിർത്താൻ സുധീരനെ മൽസരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 2004 ൽ ആലപ്പുഴയിൽ ഡോ. കെ.എസ്. മനോജിനോട് പരാജയപ്പെട്ടതിനെ തുടർന്നാണ് സുധീരൻ പാർലമെന്ററി രംഗത്ത് നിന്നും പിന്മാറിയത്. അന്ന് അപരനാണ് സുധീരന്റെ വോട്ടു കൊണ്ടുപോയത്. കെ പി സി സി അദ്ധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന സുധീരന് രാഷ്ട്രീയ കാര്യ സമിതിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. പ്രധാനമന്ത്രി മോദി ഇതിനോടകം രണ്ടു തവണ തൃശൂരില്‍ എത്തിയത് തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. തൃശൂരില്‍ നടന്ന ബിജെപി വനിതാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ആദ്യം എത്തിയത്.പിന്നാലെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരില്‍ എത്തി. മോദിയുടെ സന്ദര്‍ശനത്തോടെ സുരേഷ് ഗോപി ഏറെ പ്രതീക്ഷയിലാണ്. സുരേഷ് ഗോപിക്ക് വേണ്ടി വളരെ നേരത്തെ സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ധ്രുവികരണം ലക്ഷ്യമിടുകയുമാണ് അവര്‍.
മോദിയുടെ സന്ദര്‍ശനത്തോടെ തൃശൂര്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് കൊണ്ടു വരുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ ഖാര്‍ഗേ സംബന്ധിക്കും. ഇതിനൊപ്പമാണ് സുധീരനെ രംഗത്തിറക്കാനുള്ള ശ്രമം. ഇന്നത്തെ സാഹചര്യം മറികടക്കാന്‍ സിറ്റിംഗ് എം പി ടി.എന്‍. പ്രതാപന് കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ വിലയിരുത്തല്‍.ക്രൈസ്തവ വോട്ടുകള്‍ പ്രതാപന് അനുകൂലമാകുമോയെന്ന സന്ദേഹവും അവര്‍ക്കുണ്ട്. .
സുധീരൻ മത്സരരംഗത്ത് എത്തിയാല്‍ കൃസ്ത്യൻ – മുസ്ലീം – ഈഴവ വോട്ടുകൾ ഒരുപോലെ അനുകൂലമാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. സിറ്റിംഗ് എംപിയായ ടി എൻ പ്രതാപനും സുധീരൻ വരുന്നതിന് അനുകൂലമാണത്രെ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മന്ത്രിയാകുകയാണ് പ്രതാപന്റെ ലക്ഷ്യം. സുധീരന്റെ ജന്മനാടാണ് തൃശൂര്‍ എന്നതും മറ്റൊരു ഘടകമാണ്.
ഇടതുമുന്നണിയില്‍ സിപിഐ മല്‍സരിക്കുന്ന മണ്ഡലമാണ് തൃശൂര്‍. സിപിഐക്ക് വേരോട്ടമുള്ള മണ്ഡലം പലതവണ അവരുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനും മകന് കെ.മുരളീധരനും പരാജയപ്പെട്ടതും ഇവിടെയാണ്. മകള്‍ പത്മജയും പരാജയപ്പെട്ടു. ഇത്തവണ മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. വിദ്യാര്‍ഥി, യുവജന രംഗത്ത് നിന്നും വളര്‍ന്ന് വന്ന സുനിലിന് മണ്ഡലത്തിലാകമാനം വ്യക്തിപരമായ ബന്ധങ്ങളുണ്ട്. ഇതിന് പുറമെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ഇടതു മുന്നണിയാണ് വിജയിച്ചത്.
സി പി ഐ യിലെ വി എസ് സുനില്‍കുമാര്‍, സുരേഷ് ഗോപി എന്നിവരുമായുള്ള ത്രികോണ മല്‍സരത്തില്‍ പ്രതാപന് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമോയെന്നും സംശയിക്കപ്പെടുന്നു. ബി ജെ പി വരാതിരിക്കാൻ യുഡിഎഫ് അനുകൂല വോട്ടുകള്‍ സുനില്‍ കുമാറിന്റെ ചിഹ്നത്തില്‍ വീഴാനാണ് സാധ്യത. എന്നാൽ സുധീരന് സ്ഥാനാര്‍ത്ഥിയായാൽ കളം മാറും.