കൊച്ചി: ട്വന്റി20 പാര്‍ട്ടി പരിപാടിയിൽ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജിൻ എംഎൽഎ പരാതി നൽകി. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം. സാബു എം ജേക്കബിന്റെ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ഇത് വരെ മൂന്ന് പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി ട്വന്റി മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ സാബു എം ജേക്കബ്, പിവി ശ്രീനിജിനെ വൃത്തികെട്ട ജന്തുവെന്ന് അധിക്ഷേപിച്ച് സംസാരിച്ചതായി പരാതിയിൽ പറയുന്നു. ജാതീയമായും വംശീയമായും അധിക്ഷേപിച്ച് സാബു എം ജേക്കബ് സംസാരിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. നിരവധി പേര് തന്നെ ഫോണിലൂടെയും വിവരം അറിയിച്ചു. സാബുവിന്റെ പ്രസംഗം തനിക്ക് വളരെയേറെ മാനക്കേട് ഉണ്ടാക്കിയതായി പിവി ശ്രീനിജിന്‍ പരാതിയില്‍ പറയുന്നു. മനുഷ്യനും മൃഗവുമല്ലാത്ത ജന്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും ശ്രീനിജിന്‍ പറയുന്നു. വിഷയത്തിൽ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകി. പരാതിയിലെ കാര്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പുത്തൻ കുരിശ് പൊലീസ് വ്യക്തമാക്കി.