കൊല്ലം: അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡെപ്യൂട്ടി ജനറല്‍ ഓഫ് പ്രോസിക്യൂഷന് കെ.ഷീബയ്ക്കാണ് അന്വേഷണ ചുമതല. പരവൂർ മുൻസിഫ് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ജീവനൊടുക്കിയ അനീഷ്യ.
50 പേജുകളുള്ള ഇവരുടെ ഡയറിക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. മറ്റൊരു എപിപിക്കെതിരായ വിവരാവകാശം പിന്‍വലിക്കണമെന്ന് പറഞ്ഞ് ജില്ലയിലെ പ്രധാന അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു.ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണെന്നും വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍ഗോട്ടേയ്ക്ക് സ്ഥലംമാറ്റുമെന്നായിരുന്നു ഭീഷണി.സഹപ്രവര്‍ത്തകര്‍ കൃത്യമായി ജോലിക്ക് ഹാജരാകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു.
പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി അനീഷ്യയാണ് കോടതിയില്‍ ഹാജരായിരുന്നത്. അവധിയെടുക്കാതെയാണ് സഹപ്രവര്‍ത്തകര്‍ ജോലിക്ക് എത്താതിരുന്നത്.ഇവർ എത്രനാള്‍ ജോലിക്ക് ഹാജരായെന്ന് അറിയാനാണ് മറ്റൊരു അഭിഭാഷകന് വഴി അനീഷ്യ വിവരാവകാശം നല്‍കിയത്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി മാനസികമായി തളര്‍ത്തിയെന്നും ഡയറിക്കുറിപ്പിലുണ്ട്.