കൊച്ചി: ആനന്ദ് പട് വർധൻ്റെ രാം കെ നാം ഡോക്യുമെൻ്ററിക്ക് യു ട്യൂബിൻ്റെ പ്രായ വിലക്ക്. ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച രാഷ്ട്രീയ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്ന ഡോക്യുമെൻ്ററി തിങ്കളാഴ്ച രാവിലെ വരെ സ്വതന്ത്രമായി കാണാമായിരുന്നു.എന്നാൽ അയോധ്യയിലെ ചടങ്ങുകൾ പുരോഗമിക്കെ പെട്ടെന്ന് ഏജ് റെസ്ട്രിക്ഷൻ ബാനർ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇപ്പോൾ യു ട്യൂബിൽ മെയിൽ ഐഡി നൽകി തുറക്കുമ്പോൾ മാത്രം തുറന്നു വരുന്ന നിലയിലേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിൽ സഹിതം ജിഗ്നേഷ് മേവാനി, കുനാൽ കമ്ര തുടങ്ങിയവരുടെ യു ട്യൂബ് ചാനലിൽ ഡോക്യുമെൻ്ററിയുടെ ലിങ്ക് ലഭ്യമായിരുന്നു. ഇവയിൽ എല്ലാം ഒരേ സമയം പ്രായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചാനൽ അഡ്മിന് തിരഞ്ഞെടുത്ത് നിയന്ത്രിക്കാവുന്നതാണ് യു ട്യൂബിൻ്റെ പ്രായ നിയന്ത്രണം സംവിധാനം. എന്നാൽ യു ട്യൂബ് തന്നെ എല്ലാ ചാനലുകളിലും ഒന്നിച്ച് നിയന്ത്രണം കൊണ്ടു വന്നരിക്കയാണ്.
ആനന്ദ് പട്വർധൻ സംവിധാനം ചെയ്ത പ്രശസ്തമായ ഡോക്യുമെന്ററിയാണ് ‘രാം കേ നാം’. ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയാൻ വിശ്വ ഹിന്ദു പരിഷത് നടത്തിയ ആസൂത്രിത പ്രചാരണമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ഡോക്യുമെന്ററിക്ക് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഈ ഡോക്യുമൻ്ററിക്ക് എതിരെ സംഘപരിവാർ സംഘടനകളുടെ നിരന്തര ആക്രമണം ഉണ്ടായിരുന്നു. പ്രദർശന സ്ഥലങ്ങളിൽ നേരിട്ട് എത്തി തടയുന്ന സംഭവങ്ങൾ ഉണ്ടായി. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ വരെ പ്രദർശനത്തിനിടെ ഇത്തരത്തിൽ പ്രശ്നം സൃഷ്ടിക്കപ്പെട്ടു.
2019 ൽ യു ട്യൂബ് ഡോക്യുമെൻ്ററിക്ക് എതിരെ എയിജ് റെസ്ട്രിക്ഷൻ കൊണ്ടു വന്നിരുന്നു. എങ്കിലും പിന്നീട് നീക്കി. നാഷണൽ സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള ചിത്രമാണ്. മാത്രമല്ല ദൂരദർശനിലും പ്രക്ഷേപണം ചെ്യിതിരുന്നു. മികച്ച ഡോക്യുമെൻ്ററിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.