കോട്ടയം: അയോധ്യയില്‍ ബാബരി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട രാം കെ നാം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞു. കോട്ടയം പള്ളിക്കത്തോട് കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാര്‍ത്ഥികളാണ് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഡോക്യുമെന്ററി പ്രദര്‍ശനം നിര്‍ത്തിവെച്ചു.
വിഖ്യാത ചലച്ചിത്രകാരന് ആനന്ദ് പട്വര്ധന് 1992 ല്‍ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് ഡോക്യുമെന്ററിയിലെ പ്രമേയം.രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിലും പൊലീസ് നടപടിയിലും അവസാനിച്ചത്. ബാബരി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി.