കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വേണം.
സെക്യൂരിറ്റി സംവിധാനം കർശനമാക്കും. വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കാനും തീരുമാനമുണ്ട്. അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്. പിടിഎ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. കോളജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായാണ് യോഗം ചേർന്നത്. കോളജ് ഉടൻ തുറക്കും. ബുധനാഴ്ച വിദ്യാർഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.