ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതിഭാഗം വാദിച്ചു. ഈ വരുന്ന 25ന് വീണ്ടും വാദം തുടരും. അന്ന് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കും. ഇതിന് ശേഷമാകും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക.
ഷാനെ കൊന്നതിന്റെ സ്വഭാവിക പ്രതികരണം മാത്രമാണെന്നും അതുകൊണ്ട് ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിൽ സാധാരണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓൺലൈനായിട്ട് കോടതിയിൽ ഹാജരാക്കിയത്.പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് നടന്നത്.
ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷൻ്റ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം.