ഭുവനേശ്വര്‍: അസമിൽ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. ആത്മീയ ആചാര്യനായ ശ്രീ ശ്രീ ശങ്കര്‍ ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പൊലീസ് നടപടി. എല്ലാവര്ക്കും പ്രവേശനമുള്ള സ്ഥലത്ത് തനിക്ക് മാത്രം വിലക്കെന്തിനാണെന്ന് രാഹുല്‍ ചോദിച്ചു. ബലം പ്രയോഗിച്ച് സന്ദര്‍ശനം നടത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു.രാഹുല്‍ ഗാന്ധിയും നേതാക്കളും സ്ഥലത്ത് തുടരുകയാണ്.
ആദ്യം ക്ഷേത്ര സന്ദര്‍ശനത്തിന് അനുമതി ലഭിച്ചെങ്കിലും പിന്നീട് ക്ഷേത്രസമിതി രാഹുലിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് ബട്ടദ്രവയിലെ ക്ഷേത്രത്തിലും ഭക്തരുടെ തിരക്ക് ഉണ്ടാവുമെന്നും സുരക്ഷയുടെ ഭാഗമായാണ് രാഹുലിന് വിലക്കേര്‍പ്പെടുത്തിയതെന്നുമായിരുന്നു വിശദീകരണം. വൈകിട്ട് മൂന്നിന് ശേഷം രാഹുല്‍ ഗാന്ധിക്ക് ബട്ടദ്രവയിൽ സന്ദര്‍ശനം നടത്താമെന്നാണ് അറിയിച്ചിരുന്നത്. ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസമായ ഇന്ന് ക്ഷേത്ര ദര്‍ശനം നടത്തിയശേഷം യാത്ര തുടരാനാണ് നിശ്ചയിച്ചിരുന്നത്.
അതേസമയം, പ്രതിഷേധത്തെതുടര്‍ന്ന് അസമിലെ എംപിയെയും എംഎല്‍എയെയും മാത്രം ക്ഷേത്രത്തിലേക്ക് കടത്തിവിടാമെന്നും രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ കടത്തിവിടാനാകില്ലെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയും നേതാക്കളും റോഡില്‍ കുത്തിയിരിക്കുകയാണ്. ഗൗരവ് ഗോഗോയ് എംപിയും കോണ്‍ഗ്രസിന്റെ അസം എംഎല്‍എയും ക്ഷേത്രത്തിലേക്ക് കയറി. ക്ഷേത്രത്തിന് മീറ്ററുകള്‍ക്ക് അകലെയാണ് രാഹുലിനെ തടഞ്ഞത്.പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് രാഹുല്‍ഗാന്ധി മുന്നോട്ട് പോകുന്നത് തടഞ്ഞു. കെസി വേണുഗോപാല്‍, ജയ്റാം രമേശ് അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സമ്മര്‍ദം മൂലമാണ് ക്ഷേത്ര സമിതി വിലക്കേര്‍പ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.