കൊച്ചി : തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ വീടു നിര്‍മാണം പുരോഗമിക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നിര്‍മാണ സാമഗ്രികള്‍ ഇറക്കിവയ്ക്കുന്നതിനിടെയാണ് അസ്ഥികള്‍ കണ്ടെടുത്തത്. തലയോട്ടി പ്ലാസ്റ്റിക് കവറിലും അസ്ഥികള്‍ പുറത്തും ആയിരുന്നു. കാഞ്ഞിരമറ്റം സ്വദേശിക്കായി നടക്കുന്ന വീടുനിര്‍മാണത്തിനിടെയാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്.
തലയോട്ടി ഒരു കറുത്ത കവറിനുള്ളിലാക്കി കെട്ടിയ നിലയിലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പണിക്കാര് കവര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് തലയോട്ടി ശ്രദ്ധയില്‍പ്പെട്ടത്. കവറിനു പുറത്ത് എല്ലുകളും കണ്ടു. നാളെ വീടിന്റെ വാര്‍പ്പായതിനാല്‍ തൂണുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഇറക്കുന്നതിനിടെയാണ് ശ്രദ്ധയില്‍പ്പെട്ടത്.
കോണ്‍ട്രാക്ടറാണ് ഇക്കാര്യം വീട്ടുടമസ്ഥനെയും അറിയിച്ചത്. തുടര്‍ന്ന് വീട്ടുടമസ്ഥന് പൊലീസിനെയും അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്ക് കാലപ്പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വീടുപണിക്കായി പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്നിരുന്നു. ഇതിനോടൊപ്പം വന്നതാണോയെന്നും പരിശോധിക്കും.