ന്യൂഡല്‍ഹി : രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അശോക് ഭൂഷണ് പങ്കെടുക്കും. രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു അശോക് ഭൂഷണ്. അതേസമയം ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മറ്റു നാലു ജഡ്ജിമാര്‍ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, വിരമിച്ച ജഡ്ജിമാരായ അശോക് ഭൂഷണ്, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. അയോധ്യ കേസില്‍ 2019 ല്‍ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളാണ് ഇവര്‍.
ജനുവരി 22 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന അതിഥികളായാണ് ക്ഷണം. ഇവരെ കൂടാതെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയ 50 ഓളം പേരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകൾക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.