കോഴിക്കോട്: സംസ്ഥാനത്തെ തീരക്കടല്‍, ആഴക്കടല്‍ മേഖലകളില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്പോകുമ്പോള് ഒറിജനല്‍ ആധാര്‍ കാര്‍ഡ് കൈവശം വച്ചില്ലെങ്കില്‍ പിഴ ഈടാക്കല്‍ ഉടനുണ്ടാവില്ല. തൊഴിലാളികളെ ബോധവല്കരിച്ചശേഷം ഉത്തരവ് നടപ്പാക്കിയാല്‍ മതിയെന്നാണ് തീരുമാനം.
ഇന്നുമുതല്‍ ഇതു നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നത്. ആധാര്‍ കാര്‍ഡ് കൈവശമില്ലെങ്കില്‍ 1,000 രൂപ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പരിശോധനയ്ക്കു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ആധാര്‍ കാര്‍ഡ് കാണിച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇതിനെതിരേ മത്സ്യത്തൊഴിലാളി സംഘടനകള്‍ സമരരംഗത്തിറങ്ങുന്ന സാഹചര്യത്തിലാണ് കുറച്ചുകൂടി കാത്തിരിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചെതന്നാണ് വിവരം. ആദ്യഘട്ടത്തിൽ ജില്ലാതലത്തില്‍ മത്സ്യത്തൊഴിലാകളികളെ ബോധവല്‍കരിക്കാനാണ് തീരുമാനം.
കടല്‍ സുരക്ഷയുടെ ഭാഗമായാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. 2021-ല്‍ മറൈന്‍ ഫിഷിംഗ് റഗുലേഷന് ആക്ടില്‍ വരുത്തിയ ഭേദഗതിയിലാണ് ആധാര്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഇതുവരെ നിയമം കര്‍ശനമാക്കിയിരുന്നില്ല. ഇതരസംസ്ഥാനത്തുനിന്നുള്ള ധാരാളം തൊഴിലാളകിള്‍ നിലവില്‍ മീന്‍പിടിക്കാന്‍ പോകുന്നുണ്ട്. അവരുടെ കൈവശം രേഖകള്‍ ഒന്നും കരുതുന്നില്ലെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നു കണ്ട തൊഴിലാളിയല്ല അടുത്ത ദിവസം ഉണ്ടാവുക. ബോട്ടുകളില്‍ അവര്‍ മാറിക്കൊണ്ടിരിക്കും. ഇതിനെല്ലാം പുറമേ മത്സ്യത്തൊഴിലാളികൾക്ക് ആധാർ നിർബന്ധമാക്കണമെന്ന കേന്ദ്ര നിർദ്ദേശം കൂടി നിലവിലുണ്ട്.