തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരായ മത്സരത്തിൽ ലീഡ് വഴങ്ങി കേരളം. മുംബൈ മുന്നോട്ട് വച്ച ഒന്നാം ഇന്നിംഗ്സ് സ്കോറായ 251 പിന്തുടർന്ന കേരളം 244 റണ്‍സിൽ പുറത്തായി. മുംബൈയ്ക്ക് ഏഴ് റണ്‍സിന്റെ ലീഡ് സ്വന്തമായി.അർധ സെഞ്ചുറി നേടിയ സച്ചിൻ ബേബി(65) രോഹൻ കുന്നുമ്മേൽ(56) എന്നിവരാണ് കേരളത്തിനായി തിളങ്ങിയത്.
ക്യാപ്റ്റൻ സഞ്ജു സാംസണ് 38 റണ്‍സും സ്വന്തമാക്കി. ഒരു ഘട്ടത്തിൽ അനായാസം ലീഡ് സ്വന്തമാക്കുമെന്ന് കരുതിയ കേരളത്തിനെ തകർത്തെറിഞ്ഞത് മോഹിത് അവാസ്തിയാണ്. താരം ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി.രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. രോഹൻ കുന്നുമ്മേൽ-കൃഷ്ണപ്രസാദ് സഖ്യം ആദ്യ വിക്കറ്റിൽ 46 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാൽ എട്ടാം ഓവറിൽ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. പിന്നാലെ വന്ന രോഹൻ പ്രേമിനെയും പുറത്താക്കിയ മുംബൈ കേരളത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
തുടർന്ന് നാലാം വിക്കറ്റിൽ സച്ചിൻ ബേബിയെ കൂട്ടുപിടിച്ച് രോഹൻ കുന്നുമ്മേൽ 63 റണ്‍സിന്റെ കൂട്ടുകെട്ട് പടുതുയർത്തി. രോഹനെ പുറത്താക്കി ശിവം ദൂബെ മുംബൈയ്ക്ക് ബ്രേക്ക് ത്രൂ നൽകി. തുടർന്ന് വന്ന ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും 38 റണ്‍സുമായി സഞ്ജു മടങ്ങി.
പിന്നാലെ വന്ന വിഷ്ണു വിനോദ്(29), ശ്രേയസ് ഗോപാൽ(12), ജലജ് സക്സേന(0), ബേസിൽ തമ്പി(1), സുരേഷ് വിശ്വേശർ(4) എന്നിവർ വന്ന പോലെ മടങ്ങി. എം.ഡി. നിതീഷ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ മുംബൈ 60 റണ്‍സ് എന്ന നിലയിലാണ്. ജയ് ബിസ്ത (33 റണ്‍സ്) ഭൂപൻ ലാൽവാനി(16റണ്‍സ്) എന്നിവരാണ് ക്രീസിൽ .