ഇടുക്കി: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്. 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറി മതില് നിര്‍മിച്ചെന്നാണ് കണ്ടെത്തല്‍.ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തൽ. മൂന്നുമണിക്കൂറാണ് തൊടുപുഴ വിജിലൻസ് ഓഫീസിൽ എം.എൽ.എയെ ചോദ്യം ചെയ്തത്.
1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ കാര്യം രജിസ്ട്രേഷന് സമയത്ത് മറച്ചുവച്ചു. ഇതിലൂടെ എംഎല്‍എ നികുതി വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിജിലന്‍സിന്റെ നിലപാട്. കേസിൽ വിജിലൻസ് ഇന്ന് മാത്യു കുഴൽനാടന്റെ മൊഴി എടുത്തിരുന്നു. രജിസ്ട്രേഷനിൽ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലും പ്രമാണത്തിലും നൽകിയിരിക്കുന്ന തുകയിലെ വ്യത്യാസം സംബന്ധിച്ചാണ് പ്രധാന വിവരങ്ങൾ വിജിലൻസ് ചോദിച്ചറിഞ്ഞത്. ഒപ്പം ഏഴ് കോടി രൂപയോളം വരുന്ന റിസോർട്ടിന്റെ വിലമതിപ്പ് രേഖകളിൽ ഒരു കോടി 90 ലക്ഷം രൂപ മാത്രമാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നും വിജിലൻസ് ചോദ്യം ചെയ്തു. ഏതെങ്കിലും രീതിയിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങളും വിജിലൻസ് തേടി.