ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക് ദള്ളുമായി (ആർഎൽഡി) സഖ്യം പ്രഖ്യാപിച്ച് സമാജ്വാദി പാർടി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആർഎൽഡിക്ക് ഏഴ് സീറ്റ് വിട്ടുനൽകും. ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധ്രിയും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ചർച്ച നടത്തിയിരുന്നു.
‘ആർഎൽഡി, എസ്പി സഖ്യത്തിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ. വിജയത്തിനായി ഒരുമിക്കാം’–- എന്ന് അഖിലേഷ് യാദവും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. രാജ്യത്തിന്റെയും ഭരണഘടനയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതായിരിക്കും സഖ്യമെന്ന് ജയന്ത് ചൗധ്രി പറഞ്ഞു. ജാട്ട് വിഭാഗക്കാർക്കിടയിൽ സ്വീകാര്യതയുള്ള ആർഎൽഡിക്ക് മുസഫർനഗർ, കൈറാന, ബിജ്നോർ, മഥുര, ഭാഗ്പത്ത്, അമ്റോഹ, മീറത്ത് സീറ്റുകളിൽ സ്വാധീനം ചെലുത്താനാകുമെന്നാണ് പ്രതീക്ഷ. 2019ലെ തെരഞ്ഞെടുപ്പിൽ എസ്പി- ബിഎസ്പി സഖ്യത്തിന് ഒപ്പമായിരുന്നു ആർഎൽഡി. മഥുര, ഭാഗ്പത്ത്, മുസഫർനഗർ സീറ്റുകളിൽ മത്സരിച്ചെങ്കിലും തോറ്റു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി- ആർഎൽഡി സഖ്യം ഇരുപാർടിക്കും ഗുണമായിരുന്നു.
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ വിവിധ സംസ്ഥാനങ്ങളിൽ സീറ്റ്വിഭജന ചർച്ചകളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് യുപിയിൽ എസ്പി- ആർഎൽഡി സഖ്യം ഉണ്ടായിട്ടുള്ളത്. കോൺഗ്രസ്–- എസ്പി സീറ്റ് വിഭജനചർച്ചകൾ വഴിമുട്ടിയതായ റിപ്പോർട്ടുമുണ്ട്. കോൺഗ്രസിന്റെ 20 സീറ്റെന്ന ആവശ്യം യുക്തിസഹമല്ലെന്നായിരുന്നു എസ്പി നിലപാട്.