അയോദ്ധ്യ : രാംലല്ല മൂർത്തിയുടെ (ബാലനായ രാമൻ) പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച്ച നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ (ശ്രീകോവിൽ) സ്ഥാപിച്ച 51 ഇഞ്ച് പൊക്കമുള്ള രാംലല്ല മൂർത്തിയുടെ ചിത്രം പുറത്തുവന്നു. മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് കൊത്തിയ ശിലാവിഗ്രഹമാണിത്.
അഞ്ച് വയസുകാരന്റെ ഓമനത്തവും തേജസുമുണ്ടെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വിലയിരുത്തിയ ശിൽപ്പം രഹസ്യ വോട്ടിലൂടെയാണ് തിരഞ്ഞെടുത്തത്.ശിൽപ്പത്തിന്റെ ഇടതുകൈയിൽ വില്ലും, വലതുകൈയിൽ അമ്പും കാണാം. ഓം, ചക്രം, ഗദ, സ്വസ്തിക് രൂപങ്ങൾ അലങ്കാരമായി ശിൽപ്പത്തിന് ചുറ്റുമുണ്ട്. ചിത്രം പുറത്തുവന്നയുടൻ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇന്നലെ നവഗ്രഹ പൂജ നടന്നു. സരയൂ നദിയിലെ ജലം കൊണ്ട് ഗർഭഗൃഹം ഇന്ന് കഴുകി വൃത്തിയാക്കും.