ഗണേഷ് കുമാറിനും കെ.എസ് .ആർ.ടി.സിക്കും ഇലക്ട്രിക് ബസിനോട് എന്താണ് ഇത്ര കലി ? പുതിയ ഗതാഗത മന്ത്രി എത്തിയ ശേഷം തിരുവനന്തപുരം നഗരത്തിൽ നിലവിൽ ഏറ്റവുമധികം യാത്രക്കാരെ ആകർഷിക്കുന്ന പത്തുരൂപാ ബസിനോട് അടക്കം ഇ ബസുകളോടുള്ള നയം മാറ്റം കാണുമ്പോഴാണ് യാത്രികരുടെ മനസ്സിൽ ഈ ചോദ്യത്തെ ഉയരുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനായി രാജ്യം ഇ ബസ് എന്ന നയത്തിലേക്ക് കൂടുതലായി നടന്നുതുടങ്ങുമ്പോഴാണ് കേരളം പിന്നോട്ട് നടക്കാനൊരുങ്ങുന്നത്.
ഗണേഷ് കുമാർ മന്ത്രിയായ ശേഷം ആദ്യമെടുത്ത തീരുമാനങ്ങളിൽ ഒന്ന് തിരുവനന്തപുരം നഗരത്തിലെ പത്തുരൂപാ ബസുകൾ സംബന്ധിച്ചാണ്. സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇ ബസുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം. നിലവിൽ എവിടേക്കായാലും ഒരു യാത്രയ്ക്ക് പത്തുരൂപയാണ് നിരക്ക്. മിനിമം നിരക്ക് പത്തുരൂപയായി നിലനിറുത്തി ഓരോ ഫെയർസ്റ്റേജിനും അഞ്ചുരൂപാ വീതം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇടറോഡുകളിൽ ഓരോ 15 മിനിട്ടിലും സർവീസ് നടത്തുന്ന ഇ ബസുകളുടെ ഈ ഇടവേള 30 മിനിട്ടാക്കാനും ധാരണയായി. 110 ഇ ബസുകളാണ് നിലവിൽ നഗര ഗതാഗതത്തിന് ഉപയോഗിക്കുന്നത്.ഫലത്തിൽ ഇ ബസ് സർവീസിനെ അനാകർഷകകമാക്കാനാണ് പുതിയ ഗതാഗത മന്ത്രിയുടെ ശ്രമം.
ഇലക്ട്രിക് ബസുകൾ ആദ്യം അവതരിപ്പിച്ചപ്പോൾ ശരാശരി 10,000 പേർ പോലും കയറിയിരുന്നില്ല.എന്നാൽ, ഇലക്ട്രിക് ബസിൽ നഗരത്തിൽ എവിടെയും 10 രൂപ നിരക്കിൽ യാത്ര ചെയ്യാമെന്ന രീതിയായതോടെ ആളുകൾ കയറി തുടങ്ങി. നിലവിൽ സിറ്റി സർക്കുലർ സർവീസുകളിൽ 70,000–80,000 പേർ ദിവസവും കയറുന്നുണ്ടെന്ന് കെഎസ്ആർടിസി തന്നെ അറിയിച്ചു. മാസം ഒരു ബസിൽ 25,000 രൂപ വരെ ലാഭമെന്നും അറിയിച്ചു. എന്നാൽ, പെട്ടെന്നാണ് ഇലക്ട്രിക് ബസ് നഷ്ടമാണെന്ന് മന്ത്രി പറയുന്നത്. ഇതിന്റെ കണക്ക് അധികൃതർ വിശദീകരിച്ചിട്ടുമില്ല. ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ തീരുമാനം മറ്റുപദ്ധതികളെയും ബാധിക്കും. 500 ഇ-ബസുകൾ വാങ്ങാനായി 814 കോടി രൂപയാണ് കിഫ്ബി വായ്പ അനുവദിച്ചത്. കാർബൺ ബഹിർഗമനം കുറക്കാനും പൊതുഗതാഗതം ആകർഷകമാക്കാനുമാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചത്.
950 ഇ ബസുകൾ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നിരിക്കെ, അതുപോലും നേടിയെടുക്കാൻ ശ്രമിക്കാതെയാണ് ഡീസൽ ബസിനായുള്ള നീക്കം. ഇതിന് മുന്നോടിയായാണ് ഒരു ഇ ബസിന്റെ വിലയ്ക്ക് നാല് ഡീസൽ ബസ് വാങ്ങാമെന്ന തരത്തിൽ ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയതെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ ഇ ബസുകൾ സ്വന്തമാക്കുമ്പോൾ ഇവിടെ വിജയമല്ലെന്നാണ് മന്ത്രിയുടെ വാദം. ഡീസലിനു മാത്രം പ്രതിമാസം 30 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ ചെലവ്. ഒരു ലിറ്റർ ഡീസൽ കൊണ്ട് അഞ്ച് കിലോമീറ്റർ പോലും താണ്ടാനാവില്ല. അപ്പോഴാണ് ഒറ്റചാർജ്ജിൽ 300-350 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് ബസ് ലാഭമല്ലെന്നുള്ള വാദം ഉയർത്തുന്നത്.
കേന്ദ്രം നൽകുന്ന ഇ ബസിന്റെ ആകെ വാടകയിൽ (കി.മീറ്ററിന് 54 രൂപ) 22 രൂപ കേന്ദ്രംതന്നെയാണ് നൽകുന്നത്. ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നൽകുന്ന സ്വകാര്യ കമ്പനി. ചാർജിംഗ്, നികുതി, ഇൻഷ്വറൻസ് ചെലവുകളും വഹിക്കും. കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകേണ്ട ചുമതല കെ.എസ്.ആർ.ടി.സിക്കും. ഈ നേട്ടങ്ങളൊക്കെ അവഗണിച്ചാണ് വീണ്ടും ഡീസൽ ബസുകൾ വാങ്ങാനുള്ള നീക്കം.