തിരുവനന്തപുരം : ഓൺലൈനിൽ അപേക്ഷ നൽകിയാൽ ഉടൻ പണം സ്വീകരിച്ച് ഏഴു ദിവസത്തിനുള്ളിൽ പുതിയ കണക്ഷൻ നൽകണമെന്ന് കെ.എസ് .ഇ.ബി സപ്ലൈകോഡ് ഭേദഗതിയുടെ കരട് . ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി ലൈനിന്റെ നീളവും പോസ്റ്റുകളുടെ എണ്ണവും ട്രാൻസ്ഫോമറിന്റെ ആവശ്യകതയുമെല്ലാം തിട്ടപ്പെടുത്തിയുള്ള കണക്ഷൻ ചാർജ് നിർണയിക്കൽ അവസാനിപ്പിക്കാനാണ് പദ്ധതി. ഒരു കെവി ക്ക് നിശ്ചിത തുക തീരുമാനിച്ച് എത്ര കെവി യുടെ കണക്ഷനാണോ നൽകുന്നത് അതിനനുസരിച്ച് ചാർജ് ഈടാക്കാനാണ് ആലോചന.
കുടിൽ വ്യവസായങ്ങൾക്ക് ഗാർഹിക നിരക്കിൽ വൈദ്യുതി നൽകാനുള്ള കരട് സപ്ലൈകോഡ് ഭേദഗതിയുമുണ്ട് . ചെറുകിട സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനമാകുന്നതിനൊപ്പം ഉപയോക്താക്കൾ നേരിടുന്ന നിരവധി പ്രതിസന്ധികൾക്ക് പരിഹാരംകൂടി നിർദേശിക്കുന്നതാണ് ഭേദഗതിയുടെ കരട്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ചെറുകിട സംരംഭങ്ങൾക്ക് (നാനോ ഹൗസ് ഹോൾഡ് യൂണിറ്റ്) ഗാർഹിക നിരക്കിൽ വൈദ്യുതി നൽകാൻ നിർദേശം ഉയർന്നത്. ഇത്തരം സംരംഭങ്ങൾ നിലവിലെ നിയമപ്രകാരം വൈദ്യുതി ദുരുപയോഗത്തിന്റെ ഗണത്തിലാണ്. പുതിയ ഭേദഗതിയുടെ കരട് അംഗീകാരത്തിലെത്തിയാൽ നിലവിലെ കുടിൽ വ്യവസായങ്ങൾക്ക് ആശ്വാസമാകുന്നതിനൊപ്പം സംസ്ഥാനത്ത് ചെറുകിട സംരംഭങ്ങളുടെ കുതിപ്പും യാഥാർഥ്യമാകും.
കരട് ഭേദഗതിക്ക് അംഗീകാരമായാൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴി നൽകാം. പുതിയ കണക്ഷൻ, നിലവിലെ കണക്ഷനിലെ മാറ്റങ്ങൾ, ബില്ലിങ്, പണംഅടയ്ക്കൽ തുങ്ങിയവയിലെല്ലാം കൂടുതൽ സുതാര്യത നിർദേശിക്കുന്നതാണ് കരട് ഭേദഗതി. വൈദ്യുതി ദുരുപയോഗിച്ചാൽ പിഴയീടാക്കുന്നതിൽ മാനദണ്ഡം നിശ്ചയിക്കാനും കരട് ഭേദഗതി നിർദേശിക്കുന്നുണ്ട്. സപ്ലൈകോഡ് ഭേദഗതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16 വരെ റെഗുലേറ്ററി കമീഷൻ കെഎസ്ഇബിയുടെയും പൊതുജനങ്ങളുടെയും അഭിപ്രായം സ്വീകരിക്കും. തുടർന്നുള്ള പൊതുതെളിവെടുപ്പിനുശേഷമാണ് അന്തിമ തീരുമാനത്തിലേക്കെത്തുക.