തിരുവനന്തപുരം : ചെലവു കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെഎസ്ആര്‍ടിസി സര്‍വീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആര്‍ടിസി ന്യൂസ് ലെറ്റര്‍ ”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാക്കി നിറത്തിലുള്ള പാന്റ്സും ഷര്‍ട്ടുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുതിയ യൂണിഫോം. ഒമ്പത് ജീവനക്കാര്‍ക്ക് ചടങ്ങില്‍ മന്ത്രി യൂണിഫോം വിതരണം ചെയ്തു. പുതിയ യൂണിഫോമുകളില്‍ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരോ പെന്‍ നമ്പറോ വയ്ക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനവണ്ടി.കോം ഇ-ബുക്ക് ആയി പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും സര്‍വീസുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കും. തിരുവനന്തപുരം നഗരത്തിലായിരിക്കും ആദ്യം മാറ്റങ്ങള്‍ കൊണ്ടുവരികയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ പുതുതായി വാങ്ങിയ രണ്ട് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ മന്ത്രി പരിശോധിച്ചു. ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.