തിരുവല്ല: നാലുദിവസം നീളുന്ന ആഗോള പ്രവാസി മലയാളി സംഗമമായ ‘മൈഗ്രേഷൻ കോൺക്ലേവ് -2024’ വ്യാഴാഴ്ച തുടങ്ങും. വൈകിട്ട് നാലിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനംചെയ്യും. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻപിള്ള അധ്യക്ഷനാകും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് ആമുഖപ്രഭാഷണം നടത്തും.
75 രാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നും മൂവായിരം പ്രതിനിധികളും ഓൺലൈനായി ഒരു ലക്ഷത്തി ഇരുപതിനായിരം പേരും പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജോസ് കെ മാണി എംപി, മന്ത്രിമാർ, എംഎൽഎമാർ എന്നിവർ ഉദ്ഘാടനയോഗത്തിൽ സംസാരിക്കും. തുടർന്ന് സ്റ്റീഫൻ ദേവസ്സി –ശിവമണി ടീമിന്റെ മെഗാ മ്യൂസി ക് ഇവന്റും അരങ്ങേറും.
വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിന്റെ കേന്ദ്ര പ്രമേയമെന്ന് ഡോ. ടി എം തോമസ് ഐസക്, സംഘാടകസമിതി ചെയർമാൻ ബെന്യാമിൻ, ജനറൽ കൺവീനർ എ പത്മകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.15,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ പബ്ലിക് സ്റ്റേഡിയത്തിൽ ഒരുങ്ങി. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ തിരുവല്ല സെന്റ് ജോൺസ് ചർച്ച് ഹാൾ, സെന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയം, ശാന്തിനിലയം, തിരുവല്ല ഗവൺമെന്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, മാർത്തോമാ കോളേജ് എന്നിങ്ങനെ അഞ്ച് വേദികളിലായി മൈഗ്രേഷൻ കോൺക്ലേവ് നടക്കും.
ബുധനാഴ്ച രാവിലെ വരെ 1, 20,607 പേർ രജിസ്റ്റർചെയ്തു. 19ന് രാവിലെ വരെ www.migrationconclave.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർചെയ്യാം. ജോയിന്റ് കൺവീനർ റോഷൻ റോയ് മാത്യു, റാണി ആർ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.