ബംഗലൂരു : രോഹിതിന്റെ സെഞ്ച്വറി ഇന്നിങ്സിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 212 റണ്‍സ് സ്കോര്‍ ചെയ്ത് ഇന്ത്യ. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. 60 പന്തില്‍ 121 റണ്‍സ് സ്കോര്‍ ചെയ്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന മത്സരത്തില്‍ ടീമിന് കരുത്തായി. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അഞ്ചാം വിക്കറ്റില്‍ റിങ്കു സിങ്ങിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രോഹിത് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ചോവറിനിടെ 22 റണ്‍സ് സ്കോര്‍ ചെയ്യുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാള്‍ (4), വിരാട് കോഹ് ലി (0), ശിവം ദുബെ (1), സഞ്ജു സാംസണ് (0) എന്നിവരാണ് പുറത്തായത്.
അഞ്ചാം ഓവറില്‍ ഒന്നിച്ച റിങ്കു -രോഹിത് സഖ്യം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ഇന്നിങ്സ് അവസാനം വരെ പുറത്താകാതെ നിന്നു. 39 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത റിങ്കുവിന്റെ ഇന്നിങ്സ് രണ്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു. 11 ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്.