അയോധ്യ : രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹം ഇന്ന് അയോധ്യയിലെ ക്ഷേത്ര വളപ്പിലെത്തും. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള പ്രാർത്ഥനകൾ രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ശ്രീരാമവിഗ്രഹം എത്തുന്നത്. ഉച്ചക്ക് 1.30 ക്ക് നടക്കുന്ന അഞ്ചു പ്രധാന പൂജകൾക്ക് ശേഷമാണ് വിഗ്രഹം എത്തുക. നാളെയാണ് പ്രാണ പ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹം ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലെത്തിക്കുന്നത് . എഴുപതുവർധ ഷമായി അയോധ്യയിൽ ആരാധിക്കുന്ന രാംലല്ല വിഗ്രഹവും ശ്രീകോവിലിൽ സൂക്ഷിക്കും.
മൈസൂരിൽ നിന്നുള്ള ശിൽപ്പി അരുൺ യോഗിരാജ് നിർമിച്ചതാണ് ശ്രീരാമവിഗ്രഹം . സരയൂ നദിയിൽ നിന്നുള്ള വെള്ളത്തിൽ കലശം നടത്തിയ ശേഷമാണ് രാമവിഗ്രഹം അമ്പലവളപ്പിലേക്ക് കയറ്റുക. ഉച്ചക്ക് ക്ഷേത്രവളപ്പിൽ ജലയാത്ര, തീർത്ഥ പൂജ, വർദ്ധിനി പൂജ തുടങ്ങി പ്രധാന പൂജകൾ നടക്കുന്നുണ്ട്. അതിനു ശേഷമാകും ശ്രീരാമവിഗ്രഹത്തിന്റെ വരവ് എന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എക്സിൽ കുറിച്ചു . നാളെയാണ് ശ്രീരാമവിഗ്രഹം ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ പ്രതിഷ്ഠിക്കുക. തുടർന്ന് 6 ദിവസം നീളുന്ന പ്രാർത്ഥനകൾക്ക് ശേഷം ജനുവരി 22 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രാണ പ്രതിഷ്ഠ നടത്തും. ജനുവരി 23 മുതൽക്കാണ് പൊതുജനങ്ങൾക്ക് ദർശനം സാധ്യമാകുക.