ഇടുക്കി: ഇടുക്കിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് റോഡിൽനിന്നു തെന്നിമാറി. ഇന്നു പുലർച്ചെ അഞ്ചോടെ പീരുമേടിനും പാമ്പനാറിനുമിടയിലുള്ള അയ്യപ്പ കോളജിന് സമീപമാണ് സംഭവം. ഏഴ് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
കുമളിയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ് റോഡിൽ നിന്നും തെന്നിമാറി സമീപത്തുളള വലിയ സംരക്ഷണഭിത്തിയിൽ തട്ടി നില്ക്കുകയായിരുന്നു. താഴ്ചയിലേക്ക് വീഴാതിരുന്നതിനാൽ വലിയ അപകടമൊഴിവായി. താഴെ സ്വകാര്യ കോളജിന്റെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്. അപകടസമയത്ത് ഹോസ്റ്റലിൽ വിദ്യാർഥികളുമുണ്ടായിരുന്നു.അഗ്നിശമനസേന സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ബസ് വലിച്ചുമാറ്റി. അപകടത്തിനു പിന്നാലെ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.