തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുംസമരത്തിന്. ഫെബ്രുവരി 8 ന് . ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും.ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിക്കുമെന്നും പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷം ഇപി ജയരാജന് പറഞ്ഞു.
ഇടതുമുന്നണി എംഎല്‍എമാരും എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കും.ഡൽഹിയിലെ സമര ദിവസം കേരളത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകർ ഭവന സന്ദർശനം നടത്തും. അന്നേദിവസം സംസ്ഥാനത്ത് പഞ്ചായത്ത് തലത്തില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്നും ഇപി ജയരാജൻ അറിയിച്ചു. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് പ്രതിപക്ഷം ഈസമരവുമായി സഹകരിക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജയരാജന് പറഞ്ഞു. പ്രതിപക്ഷ പിന്തുണ തേടി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ നിലപാട് അറിയിച്ചിട്ടില്ല. പ്രതിപക്ഷവും ഈ സമരത്തില്‍ പങ്കാളികളാവണമെന്ന് ജയരാജന് പറഞ്ഞു.
ബിജെപി മുഖ്യമന്ത്രിമാർക്കും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനരംഗങ്ങളില്‍ മുരടിപ്പ് ഉണ്ടാക്കി ഇടതുപക്ഷ സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നതെന്ന് ജയരാജന് പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ ന്യായമായും ലഭ്യമാകേണ്ടിയിരുന്ന പദ്ധതി വിഹിതങ്ങള്‍, അര്‍ഹതപ്പെട്ട നികുതി വരുമാനത്തിന്റെ വിഹിതങ്ങള്‍, റവന്യൂ കമ്മി നികത്തുന്നതിന്റെ സഹായം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂര്‍ണമായും നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ജയരാജന് പറഞ്ഞു.