തിരുവനന്തപുരം:സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ആദ്യത്തെ കേസില്‍ റിമാൻഡ് കാലാവധി തീരാത്തതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടിവരും. കേസിലെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.
ഇന്നു രാവിലെയോടെയാണ് രാഹുലിനെ പുതിയ കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസിലുമായിരുന്നു നടപടി. പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ്- മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യാനായായിരുന്നു രാഹുലിനെ കോടതിയിൽ ഹാജരാക്കിയത്. ജനുവരി ഒന്‍പതിനാണ് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്.