കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിൽ നവീകരിക്കാനൊരുങ്ങുന്നു. ശോചനീയാവസ്ഥയിലായ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ അടുത്ത മാസത്തിൽ തുടങ്ങാൻ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
നീണ്ട കാത്തിരിപ്പിനൊടുവില്‍ 12 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് അടുത്തമാസം തുടക്കമാകുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ നിർദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നൽകും. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 20 ദിവസത്തിനുള്ളിൽ ഡി പി ആർ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്.
കെ.എസ്.ആർ.ടി.സി. ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. ചെറിയൊരു മഴപെയ്താല്‍ പോലും എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അവസ്ഥ നിലവിൽ നരകതുല്യമാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും ദുരിതം വാർത്തകളിൽ നിറയുമ്പോഴും പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.