തൃശൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ തൃശൂരിൽ എഴുതിയ ചുവരെഴുത്തുകൾ ടിഎൻ പ്രതാപൻ എംപി ഇടപെട്ടു മായ്ച്ചു. തൃശൂർ വെങ്കിടങ്ങിൽ പ്രത്യക്ഷപ്പെട്ട പ്രതാപൻ തുടരും പ്രതാപത്തോടെ എന്ന മതിലെഴുത്താണ് എംപി തന്നെ ഇടപെട്ടു മായ്ച്ചത് . സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുത്ത് വന്നത് വാർത്തയായതോടെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു.
പേര് വച്ച് ഒരുതരത്തിലുമുള്ള ചുവരെഴുത്തുകളും പാടില്ലെന്ന് എം.പി നിർദേശം നൽകി. യുഡിഎഫിന് വേണ്ടി ചുവരെഴുത്തുകൾ നടത്താം, എന്നാൽ പേര് വച്ച് വേണ്ട. പാർട്ടി കേന്ദ്രനേതൃത്വവും യുഡിഎഫുമാണ് സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും അതിനു മുമ്പ് ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടാണ് എം.പി സ്വീകരിച്ചത്. തുടർന്ന് ചുവരെഴുത്തിൽ നിന്ന് സ്ഥാനാർഥിയുടെ പേരടക്കം മായ്ക്കാൻ നിർദേശം നൽകുകയായിരുന്നു.
തൃശൂരിലെ നിലവിലെ എം.പിയായ പ്രതാപൻ തന്നെ മണ്ഡലത്തിലെ സ്ഥാനാർഥിയാവാനാണ് സാധ്യത. സുരേഷ് ഗോപിയെ മുൻ നിർത്തി ബി.ജെ.പി പ്രചാരണം ആരംഭിച്ചതോടെ പ്രതാപൻ മണ്ഡലത്തിൽ കൂടുതൽ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത്.