കൊച്ചി: ഡാര്‍ക്നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട് നടത്തിയ ഏഴുപേർ കൊച്ചിയില്‍ പിടിയില്‍. രാജ്യാന്തര ബന്ധമുള്ള ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്. രാജ്യാന്തര കൊറിയര്‍, പാഴ്സല്‍ എന്നിവ വഴി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി മരുന്ന് എത്തുന്നതായി നേരത്തേ കസ്റ്റംസ് അടക്കം കണ്ടെത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായി എന്‍സിബി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസില്‍ ജര്‍മനിയില്‍നിന്ന് എത്തിയ പാഴ്സലില്‍ എല്‍എസ്ടി സ്റ്റാമ്പുകള്‍ കണ്ടെത്തിയിരുന്നു. ആലുവ ചെങ്ങമ്മനാട് സ്വദേശി ശരത് പാറയയ്ക്കലിന്റെ പേരിലാണ് പാഴ്സല്‍ എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതേതുടര്‍ന്ന് കൊച്ചിയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 336 എല്‍എസ്ടി സ്റ്റാമ്പുകളും എട്ട് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. പിന്നീട് ശരത്തുമായി ബന്ധമുള്ള മറ്റ് പ്രതികളെക്കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ പലതവണയായി കോടികളും ലഹരി ഇടപാട് നടത്തിയെന്ന് എന്‍സിബി കണ്ടെത്തിയിട്ടുണ്ട്.