മുംബൈ: ഐടി ഓഹരികളുടെ കുതിപ്പ് രാജ്യത്തെ ഓഹരിവിപണിക്ക് ഊർജ്ജമാകുന്നു. റെക്കോര്‍ഡ് നേട്ടത്തില്‍ തൊട്ട ഓഹരി വിപണിയിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് ചരിത്രത്തില്‍ ആദ്യമായി 73,000 കടന്നു. ദേശീയ സൂചിക നിഫ്റ്റി 22,000 പിന്നിട്ടു.
തിങ്കളാഴ്ച വ്യാപാരത്തുടക്കത്തില്‍ തന്നെ 720.33 പോയിന്റാണ് സെന്‍സെക്സ് ഉയര്‍ന്നത്. 73,288.78ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 187 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 22,081ല്‍ എത്തി. സെന്‍സെക്സില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിപ്രോയാണ്. 11 ശതമാനമാണ് വിപ്രോ ഓഹരിവിലകളിലെ ഉയര്‍ച്ച. മൂന്നാം ക്വാര്‍ട്ടറില്‍ ലാഭത്തില്‍ ഇടിവുണ്ടായെന്ന, വിപ്രോയുടെ ഫലം പുറത്തുവന്നത് വെള്ളിയാഴ്ചയാണ്. ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.