മലപ്പുറം: വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. അഷ്റഫ് കളത്തിങ്ങല്‍ എന്നയാള്‍ നല്കിയ പരാതിയില്‍ ഐപിസി 153 വകുപ്പ് പ്രകാരമാണ് സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തത്.
മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന് ഫൈസി പുത്തനഴി വ്യക്തമാക്കി.