പത്തനംതിട്ട: മകരവിളക്കിന് തീര്‍ഥാടകര്‍ക്ക് സുഖദര്‍ശനമൊരുക്കാന്‍ ശബരിമലയില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.
ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്എന്‍എല്‍ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍. ഇവിടങ്ങളില്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സൗജന്യ ഭക്ഷണവിതരണവും നടത്തും. പതിവായി നടത്തുന്ന അന്നദാനത്തിനുപുറമേയാണിത്. ചുക്കുവെള്ള വിതരണത്തിന് 66 പോയിന്റുകള്‍ സജ്ജമാക്കി.
മകരവിളക്കിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നായി 800 ബസുകള്‍ പമ്പയില്‍ എത്തിക്കും. മകരജ്യോതി ദര്‍ശനം കഴിഞ്ഞിറങ്ങുന്നവര്‍ക്കായി കൂടുതല്‍ ചെയിന്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പമ്പ ഹില്‍ടോപ്പ് മുതല്‍ ഇലവുങ്കല്‍ വരെ നിശ്ചിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തും. ഉത്സവശേഷം നടയടയ്ക്കുന്ന 20ന് രാത്രിവരെ ചെയിന്‍ സര്‍വീസുകളും 21ന് പുലര്‍ച്ചെ നാലുവരെ ദീര്‍ഘദൂര സര്‍വീസുകളും നടത്തും.
അതിനിടെ, മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചേരും. തുടര്‍ന്ന് മകരവിളക്കിന് ആഭരണങ്ങള്‍ ചാര്‍ത്തിയാണ് ദീപാരാധന.