ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പുരില്‍ നിന്ന് ആരംഭിക്കും. തൗബാലിലെ കോങ്ജോംഗ് യുദ്ധ സ്മാരകത്തിൽ ഇന്ന് ഉച്ചയ്ക്ക് 12ന് യാത്രുടെ ഫ്ലാഗ് ഓഫ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർഹഹിക്കും.
യാത്രുടെ ഉദ്ഘാടന വേദിയായി ആദ്യം തീരുമാനിച്ചിരുന്നത് ഇംഫാലിൽ ആയിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി മണിപ്പുർ സർക്കാർ യാത്രാനുമതി നിഷേധിച്ചിരുന്നു. യാത്രയ്ക്കിടെ നേതാക്കൾക്ക് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ രാത്രി തങ്ങാന്‍ ആസം സർക്കാരും അനുമതി നിഷേധിച്ചിരുന്നു.
വിലക്കയറ്റം, തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ മുതല്‍ മണിപ്പുര്‍ കലാപം വരെ മോദി സർക്കാരിനെതിരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് രാഹുല്‍ മണിപ്പുര്‍ മുതല്‍ മഹാരാഷ്ട്ര വരെ യാത്ര നടത്തുന്നത്. ആദ്യ ഭാരത് ജോഡോ യാത്ര 136 ദിവസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെ 4080 കിലോമീറ്റർ കാല്‍നടയായിട്ടാണ് രാഹുൽ സഞ്ചരിച്ചത്.
എന്നാല്‍ രണ്ടാം എഡീഷനായ ഭാരത് ജോഡോ ന്യായ് യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ 66 ദിവസം കൊണ്ട് 6713 കിലോമീറ്റർ സഞ്ചരിക്കും. ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും രാഹുല്‍ നടത്തുക. യാത്രയിലൂടെ നീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും.