കൊല്ലം: തൊടിയൂരിൽ മർദനമറ്റേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസില്‍ രണ്ടുപേർ കസ്റ്റഡിയിൽ. സലീം മണ്ണേൽ ആണു മരിച്ചത്. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ് സലിം.
പാലോലിക്കുളങ്ങര മഹല്ല് ജമാഅത്ത് പ്രസിഡന്റ് കൂടിയാണ് സലീം. കഴിഞ്ഞ ദിവസമാണ് ചവറ കോഴിക്കുളങ്ങര, പാലോലിക്കുളങ്ങര മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ ഒരു വൈവാഹിക പ്രശ്നം പരിഹരിക്കാനായി യോഗം ചേര്‍ന്നത്. പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ വച്ചാണ് ചർച്ച നടന്നത്. ഭര്‍ത്താവും ഭാര്യയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഇവര്‍ സംസാരിച്ച ശേഷം യുവതിയുടെ ബന്ധുക്കള്‍ യോഗത്തിലേക്ക് ഇരച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.
മഹല്ല് സെക്രട്ടറി ഷെമീറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സലീമിന് മര്‍ദനമേറ്റത്. അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ഒരാൾ സലീമിനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. സംഘർഷത്തിനിടെ ജമാഅത്ത് ഓഫീസിനും കേടുപാടുകൾ സംഭവിച്ചു. ചവറ, കൊട്ടുകാടു നിന്നു എത്തിയ സംഘത്തിന്റെ പേരിൽ ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തിരുന്നു. മഹല്ല് സെക്രട്ടറിക്കും മർദനമേറ്റെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ തൊടിയൂർ പഞ്ചായത്തിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുന്നു.