തിരുവനന്തപുരം : ആധുനിക സമൂഹത്തില്‍ ജയിലുകള്‍ കസ്റ്റഡി കേന്ദ്രങ്ങള്‍ മാത്രമല്ല, തെറ്റുതിരുത്തല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കൂടിയാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജയില്‍ ക്ഷേമ ദിനാഘോഷ സമാപന സമ്മേളനം പൂജപ്പുര സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്തേവാസികളെ മാനസിക പരിവര്‍ത്തനത്തിലൂടെ ഉത്തമ പൗരരാക്കി സമൂഹത്തില്‍ പുനരധിവസിപ്പിക്കുക, അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുക മാനസികോല്ലാസം ഉറപ്പുവരുത്തുക എന്നത് പ്രധാന ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് കേരള ജയില്‍ വകുപ്പ് നടപ്പിലാക്കിവരുന്ന തടവുകാരുടെ ക്ഷേമം പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ നടത്തുന്നു.
സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്ന ഈ കലാമേളയില്‍ ഇത്തവണ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തത് മാതൃകാപരമാണ്. ജയിലുകളെ കറക്ഷണല്‍ ഹോമുകളാക്കി മാറ്റുന്നതില്‍ മുന്‍ ആഭ്യന്തരി മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സംഭാവനകള്‍ നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു.
ജയിലുകളില്‍ കലാ-കായിക പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, വായനശാലകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. സാന്ദ്രത കുറക്കുന്നതിനായി തവനൂരിലും കൂത്തുപറമ്പിലും പുതിയ ജയിലുകള്‍ നിര്‍മിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ജയില്‍ വകുപ്പില്‍ 530 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു, വര്‍ഷം തോറും പ്രിസണ്‍മീറ്റിന് നാല് ലക്ഷം, ചികിത്സാ ആവശ്യങ്ങള്‍ക്ക് ആംബുലന്‍സ്, കൈവല്യ യോഗ സെന്റര്‍ എന്നിവ സര്‍ക്കാര്‍ ജയില്‍ വകുപ്പില്‍ നടപ്പിലാക്കിയ ശ്രദ്ധേയ മാറ്റങ്ങളാണ്. പൊതുവിദ്യാഭ്യാസത്തിനായി 5000 കോടി രൂപ മുതല്‍ മുടക്കിയ സര്‍ക്കാരാണിത്. തടവുകാരുടെയുള്‍പ്പെടെയുളളവരുടെ മക്കളും ചെറുമക്കളുമടക്കമുള്ള വിദ്യാര്‍ത്ഥികളെ ചേര്‍ത്തു നിര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.