പട്ന : ബീഹാറിലെ പുൽവാരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായി. പുൽവാരി ഷെരീഫിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ബലാത്സംഗത്തിനിരയായ രണ്ട് പെൺകുട്ടികളിൽ ഒരാൾ കൊല്ലപ്പെട്ടു .
അതേസമയം, കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐ നരേഷ് പ്രസാദ് സിങ്ങിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ചാണകവറളി ശേഖരിക്കാൻ പോയ പെൺകുട്ടികളെ കാണാതായി. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പെൺകുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്. ചൊവ്വാഴ്ചയോടെ കാണാതായ പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം സമീപത്തുള്ള ഒരു കുഴിയിൽ നിന്നും പ്രദേശവാസികൾ കണ്ടെടുത്തു. സമീപത്ത് തന്നെ കൂടെയുണ്ടായിരുന്ന 12 വയസുകാരിയേയും പരിക്കേറ്റ നിലയിൽ കണ്ടെത്തി.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 വയസുകാരി പാട്നയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പിടിയിലായവരുടെ ചോദ്യം ചെയ്യൽ തുടരുന്നു.