ആലപ്പുഴ: കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിനു ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ജപ്തി നോട്ടീസയച്ചതിൽ അടിയന്തര റിപ്പോർട്ടും മന്ത്രി തേടി.
എസ്സി എസ്ടി വികസന കോർപറേഷൻ നല്കിയ വായ്പ പരമാവധി ഇളവുകൾ നല്കി തീർപ്പാക്കാനും മന്ത്രി നിർദേശം നല്കി.പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി, പട്ടിക വര്‍ഗ വികസന കോര്‍പറേഷനില്‍നിന്ന് എടുത്ത വായ്പ കുടിശിക ആയതോടെയാണ് ജപ്തി നോട്ടീസ് ലഭിച്ചത്. കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്.
സംഭവം വാര്‍ത്തയായതോടെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി രംഗത്തെത്തിയിരുന്നു. ഇന്ന് അടയ്ക്കേണ്ട 17,600 രൂപ ഇദ്ദേഹം കുടുംബത്തിന് കൈമാറി. നടന് സുരേഷ്ഗോപിയുടെ മകളുടെ വിവാഹസമ്മാനമായി തന്റെ സഹായത്തെ കരുതിയാല്‍ മതിയെന്നാണ് പേര് വെളിപ്പെടുത്താനാകാത്ത ഇദ്ദേഹം പ്രതികരിച്ചത്.
പാട്ടത്തിനെടുത്ത മൂന്നര ഏക്കറില്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 22നാണ് പ്രസാദ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ മന്ത്രി പി.പ്രസാദ് അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ സ്ഥലെത്തെത്തിയിരുന്നു. വന്നവരെല്ലാം വാഗ്ദാനങ്ങള്‍ നല്കി മടങ്ങിയെങ്കിലും രണ്ട് മാസത്തിനകം കുടുംബത്തെ തേടി വീണ്ടും ജപ്തി നോട്ടീസ് എത്തുകയായിരുന്നു.