തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ ഘടനയിൽ മാറ്റം വരുത്താൻ ബസ് ബംഗളൂരുവിലെത്തിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഇരുന്ന സീറ്റും ലിഫ്ടും മാറ്റും. ശുചിമുറി നിലനിർത്തിയാണ് പുതിയ ഘടനാ മാറ്റം. ഗ്ലാസുകളും മാറ്റിയിടും. മാറ്റുന്ന ഭാഗങ്ങൾ പാപ്പനംകോട്ടുള്ള കെഎസ്ആർടിസി സെൻട്രൽ വർക്സ് ഡിപ്പോയിലേക്ക് മാറ്റും. ബംഗളൂരുവിലെ സ്വകാര്യ കന്പനിയാണ് നവകേരള സദസിന് വേണ്ടി ബസ് തയാറാക്കിയത്. ഒരു കോടിയിൽപരം രൂപ ചെലവിട്ട് പുറത്തിറക്കിയ ബസിനെ ചൊല്ലി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് വലിയ ഡിമാന്‍ഡ് ലഭിക്കുമെന്നു ഭാവിയിൽ മ്യൂസിയത്തിൽ വച്ചാൽ പോലും വാങ്ങിയതിന്റെ ഇരട്ടിപണം ലഭിക്കുമെന്നാണ് സിപിഎം നേതാവ് എ.കെ. ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനെതിരേ പ്രതിപക്ഷവും ബാലനും തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.