തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നത് തെളിയിക്കാൻ സർക്കാറിനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബുക്ക്ലെറ്റ് റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് കേരളത്തിൽ സർക്കാർ ശ്രമിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്ത എം.എൽ.എയെ എന്നെങ്കിലും ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുണ്ടോ? എന്ത് ന്യായമാണ് അതിലുള്ളത്.
ആരെയാണ് പിണറായി വിജയൻ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത രീതിയെ കേരളം മുഴുവൻ എതിർക്കുകയാണ്. അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് സർക്കാർ. ഈ സർക്കാറിന് ഉപദേശം കൊടുക്കുന്നത് അവരുടെ ശത്രുക്കളാണെന്ന് ബോധ്യമായി.
കേരളത്തിലുടനീളം പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ വ്യാപകമായിട്ടാണ് കേസെടുത്തിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ കോടതിയിൽ കെട്ടിവെക്കേണ്ട അവസ്ഥയിലാണ് പാർട്ടി. പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക എന്ന സ്റ്റാലിനിസ്റ്റ് നയമാണ് സർക്കാർ നടപ്പാക്കുന്നത്. എത്ര അടിച്ചമർത്തിയാലും പൂർവാധികം ശക്തിയോടെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. പൊലീസ് മർദനത്തിലാണ് രാഹുലിന് പരിക്കേറ്റത്. ന്യൂറോ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് രാഹുൽ ഹാജരാക്കി. എന്നാൽ, കോടതി പറഞ്ഞപ്പോൾ നടത്തിയത് ബി.പി നോക്കുന്ന പരിശോധനയാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർ.എം.ഒയെ സ്വാധീനിച്ച് ആരോഗ്യ പ്രശ്നമില്ലെന്ന റിപ്പോർട്ട് നൽകി. സർക്കാർ ഇതിൽ കൃത്യമായി ഇടപെട്ടിട്ടുണ്ട്. ആർ.എം.ഒക്ക് പരിശോധനയിൽ എന്താണ് കാര്യമെന്നും സതീശൻ ചോദിച്ചു.