കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 9.30ഓടെ കൊടുവള്ളി മാനിപുരം പൊയിലങ്ങാടിയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മുക്കം മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജ് വിദ്യാർഥിനിയായ മിൻസിയ. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്.പിക്കപ്പ് വാൻ ഇടിച്ചതിനെ തുടർന്ന് ഇവർ സഞ്ചരിച്ച സ്കൂട്ടർ ബസിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് പിക്കപ്പ് നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയിൽ എടുത്തു. കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അസ്മാസ് എന്ന പിക്കപ്പ് വാൻ ആണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനയുടമയെയും കസ്റ്റഡിയിലെടുക്കും എന്ന് പൊലീസ് അറിയിച്ചു.