അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍. ഇന്ത്യയിലെ നാല് മഠങ്ങളിലെയും ശങ്കരാചാര്യന്മാരോ പുരോഹിതരോ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അറിയിച്ചു. പുരി ശങ്കരാചാര്യരും നേരത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.
ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് പ്രതിഷ്ഠ ചടങ്ങ്. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്ന് ചോദിച്ച പുരി ശങ്കരാചാര്യര്‍ മോദി പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ വരില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി ശങ്കരാചാര്യന്മാരും മുന്നോട്ട് വന്നത്. അതേസമയം രാജ്യത്തെ നാല് ശങ്കരാചാര്യന്മാര് നിലപാട് അറിയിച്ചത് മോദി വിരുദ്ധതയല്ലെന്നും അവര്‍ ശാസ്ത്ര വിരുദ്ധരാകാന്‍ ആഗ്രഹിക്കാത്തതിനാലാണ് നിലപാടെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇവിടെ ശാസ്ത്ര വിധി അവഗണിക്കപ്പെടുന്നുവെന്നും വീഡിയോയില്‍ പറയുന്നു.