കൊച്ചി: പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ എന്‍ഐഎ നീക്കം. ഇതിനായി മജിസ്ട്രേറ്റ് കോടതിയില്‍ എന്‍ഐഎ അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും.
സവാദിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. സവാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സിം കാര്‍ഡും പിടികൂടിയിരുന്നു. രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും.
ജനുവരി 24 വരെ റിമാന്റിലാണ് സവാദ്. ഇയാളിപ്പോള്‍ എറണാകുളം സബ് ജയിലിലാണ് തടവില്‍ കഴിയുന്നത്. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപകന്റെ കൈപ്പത്തി മഴു കൊണ്ട് വെട്ടിമാറ്റിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അശമന്നൂര്‍ ഓടക്കാലി സ്വദേശിയായ സവാദാണ്. മഴുവും കൊണ്ട് സവാദ് രക്ഷപ്പെടുകയായിരുന്നു.