തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25ന് ആരംഭിക്കുമ്പോള്‍ ഗവർണർ വായിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ വിമർശനങ്ങളും ഉള്‍പ്പെടുത്താന്‍ സർക്കാർ തലത്തില്‍ ആലോചന. ബില്ലുകളില്‍ ഒപ്പിടാതെ പ്രതിസന്ധിയുണ്ടാക്കുന്ന ഗവർണറുടെ നടപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
എന്നാല്‍ പ്രസംഗം വായിക്കാനെത്തുമെന്ന് ഗവർണർ പറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് പ്രസംഗത്തിലുണ്ടാകും.പുതുവർഷത്തിലെ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗം ഗവർണർ വന്ന് വായിക്കുന്നതാണ് പതിവെങ്കിലും ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ കാലങ്ങളില്‍ വലിയ ഉടക്കിട്ടിട്ടുണ്ട്.
കർഷക സമരവുമായി ബന്ധപ്പെട്ട കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ വായിക്കാന്‍ ഒരു ഘട്ടത്തില്‍ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി നിർബന്ധിച്ചതോടെ വഴങ്ങി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് തിരിച്ചയക്കാതെ ഒരു തവണ സർക്കാറിനെ മുള്‍മുനയില്‍ നിർത്തി.ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗവും ശ്രദ്ധേയമാകും. സർക്കാറിനെതിരെ തുറന്നടിച്ചുള്ള പ്രതികരണങ്ങള്‍ നടത്തുന്ന ഗവർണർ ഇത്തവണത്തെ പ്രസംഗത്തോട് സ്വീകരിക്കുന്ന സമീപനം നിർണായകമാകും.
ബില്ലുകളില്‍ ഒപ്പിടാതെ ഭരണഘടന ഉത്തരവാദിത്വത്തില്‍നിന്ന് ഗവർണർ ഒഴിഞ്ഞ് മാറുന്നുവെന്ന വിമർശനം സർക്കാർ സുപ്രീംകോടതിയില്‍ അടക്കം ഉന്നയിച്ചതാണ്. ഇത് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ സർക്കാർ ആലോചിക്കുന്നുണ്ട്.എന്നാല്‍, തനിക്കെതിരായ വിമർശനത്തെ ഗവർണർ വായിക്കുമോ എന്ന ചോദ്യം സർക്കാറിന് മുന്നിലുണ്ട്. നയപ്രഖ്യാപനം വായിക്കാനെത്തുമെന്ന് ഗവർണർ പറഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കൂടുതല്‍ പ്രകോപിതനാക്കാണമോ എന്ന ചർച്ച സർക്കാർ തലത്തിലുണ്ട്.
രാഷ്ട്രീയ ചർച്ചകള്‍ കൂടി നടത്തിയ ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുക. കേന്ദ്രത്തിനെതിരായ വിമർശനം എന്തായാലും പ്രസംഗത്തില്‍ ഉണ്ടാകും. കേന്ദ്രം സാമ്പത്തികമായി സർക്കാറിനെ ബുദ്ധിമുട്ടിക്കുന്നു എന്നതായിരിക്കും വിമർശനം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടല്‍ പരാമശിക്കണോ എന്നതാണ് മറ്റൊരു ചർച്ച.സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമല്ലെന്ന് ഗവർണർ പറയുമ്പോള്‍ അതങ്ങനെയല്ലെന്ന് സർക്കാറിന് പറയേണ്ടി വരും. ഇതും ഗവർണർ വായിക്കുമോ എന്ന ചോദ്യമുണ്ട്.
ഇതിലെല്ലാം ഉപരി എന്റെ സർക്കാർ എന്നാണ് ഗവർണർ പ്രസംഗത്തില്‍ പറയേണ്ടത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് പോലും മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതിരുന്ന ഗവർണർ എന്ത് ചെയ്യുമെന്ന ആശങ്കയും സർക്കാർ തലത്തിലുണ്ട്. നിയമസഭയില്‍ എത്തുന്ന ഗവർണറെ സ്വീകരിക്കേണ്ടത് സ്പീക്കറും മുഖ്യമന്ത്രിയും പാർലമെന്റെറി കാര്യമന്ത്രിയും ചേർന്നാണ്.ബൊക്കെ നല്‍കിയാണ് ഗവർണറെ എല്ലാവരും ചേർന്ന് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ബൊക്കെ നല്കുമ്പോള് ഗവർണറുടെ ശരീരഭാഷയും കേരളം ആക്ഷാംഷയോടെ ഉറ്റുനോക്കുന്നുണ്ട്.