ജയ്പൂര്‍ : കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്കാന് ജനങ്ങളോട് ആവശ്യപ്പെട്ട് രാജസ്ഥാന് മന്ത്രി. അവര്‍ക്കെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി വീടു നല്‍കുമെന്നും രാജസ്ഥാന് മന്ത്രി ബാബുലാല്‍ കരാടി പറഞ്ഞു. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ആരും പട്ടിണി കിടക്കരുതെന്നും തലയ്ക്കു മുകളില്‍ കൂരയില്ലാതെ ആരും ഉണ്ടാകരുതെന്നുമാണ് പ്രധാനമന്ത്രി സ്വപ്നം കാണുന്നത്. നിങ്ങള്‍ ധാരാളം കുട്ടികള്‍ക്ക് ജന്മം നല്‍കൂ, പ്രധാനമന്ത്രി വീടുകള്‍ പണിതു നല്‍കും, പിന്നെ എന്താണ് പ്രശ്നം?. മന്ത്രി ചോദിച്ചു.
ഉദയ്പൂരിനെ നവി ഗ്രാമത്തില്‍ വികസിത് ഭാരത് സങ്കല്പ് യാത്രാ ക്യാമ്പിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിനാല്‍ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപിക്കും മോദിക്കും ജനങ്ങള്‍ വോട്ടു ചെയ്യണമെന്നും മന്ത്രി ബാബുലാല്‍ കരാടി ആവശ്യപ്പെട്ടു.
സംസ്ഥാന ഗോത്രവികസന വകുപ്പ് മന്ത്രിയായ ബാബുലാല്‍ കരാടി, നാലാം തവണയാണ് രാജസ്ഥാന് നിയമസഭയിലേക്ക് വിജയിക്കുന്നത്. മന്ത്രിയായ ബാബുലാല്‍ കരാടിക്ക് രണ്ടു ഭാര്യമാരും എട്ടു മക്കളുമുണ്ട്. ഉദയ്പൂരിന് സമീപം നീച്ല തല ഗ്രാമത്തിലാണ് മന്ത്രിയുടെ കുടുംബം താമസിക്കുന്നത്.