തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അറസ്റ്റിനെതിരെ പതിനാല് ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതേസമയം, തിരുവനന്തപുരത്ത് രാഹുലിനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ഭരണകൂട ഭീകരതായാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് രാജിന്റെ ഭാഗമാണെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്ന പോലെയാണ് വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധത്തിലാണ് കേരള പൊലീസിന്റെ നടപടിയുണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലുണ്ടായ സമരങ്ങളെ ഇങ്ങനെയാണോ ഭരണകൂടങ്ങള്‍ നേരിട്ടുള്ളത്?. ഇന്ന് ഭരിക്കുന്നവര്‍ സമരം ചെയ്തിട്ട് ഏതെങ്കിലും നേതാക്കളെ അര്‍ധരാത്രി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടോ?. രാഹുലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്താണെന്നും ചെന്നിത്തല ചോദിച്ചു. പിണറായി വിജയനെ എതിരെ സംസാരിച്ചാല്‍ എന്തുചെയ്യുമെന്ന ധാര്‍ഷ്ട്യം പൊലീസിന് ഉണ്ടായിരിക്കുകയാണ്. ഇതിനെ ജനകീയ പിന്തുണയോടെ നേരിടും. ഇത് ഭരണകൂട ഭീകരതയാണെന്നും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പൊലീസിന്റെ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതി ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ രിതിയില്‍ ഭീകരാന്തരീക്ഷ സൃഷ്ടിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാവിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഇത് അലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ ബോധപൂര്‍വമുള്ള പ്രകോപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ ഒരു കൊലപാതകക്കേസിലെ പ്രതിയല്ല. രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ല പിന്നെ എന്തിനാണ് ഇങ്ങനെ വീട് വളഞ്ഞ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യല്‍ മാത്രമല്ല ഇതിന്റെ അജണ്ടയെന്നും ഷാഫി പറഞ്ഞു
അതേസമയം അറസ്റ്റ് ചെയ്ത രാഹുലിനെ മെഡിക്കല്‍ പരിശോധനയ്ക്ക കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസും രാഹുലും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. മെഡിക്കല്‍ പരിശോധയ്ക്ക് പിന്നാലെ രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി.
അടൂര്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍നിന്ന് ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തൊട്ടുപിന്നാലെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംഎല്‍എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളായിരുന്നു.