തിരുവനന്തപുരം: ആയുഷ് മേഖലയിൽ കേരളം നടത്തുന്നത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണെന്ന് നീതി ആയോഗ്. ദേശീയതല അവലോകന യോഗത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദർശിച്ചിരുന്നു. പിന്നാലെയാണ് കേരളത്തിന്റെ ഈ രംഗത്തെ മുന്നേറ്റത്തെ പ്രശംസിച്ച് നീതി ആയോഗ് റിപ്പോർട്ട് നൽകിയത്.
ആയുഷ് സേവനങ്ങൾക്കായുള്ള രാജ്യത്തെ ഏറ്റവും കൂടുതൽ ഒപി സേവനങ്ങൾ കേരളത്തിലാണ് നൽകുന്നത്. ദിവസേന ഈ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ജനങ്ങൾക്കിടയിലെ സ്വീകാര്യത സൂചിപ്പിക്കുന്നതാണ്. മെഡിക്കൽ ക്യാന്പുകളടക്കം സംഘടിപ്പിക്കുന്നതിൽ കേരളം വളരെയധികം മികവ് പുലർത്തുന്നുണ്ടെന്ന് നീതി ആയോഗ് വ്യക്തമാക്കി. ആയുഷ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ കേരളത്തിലെ ജനങ്ങൾ വളരേ മുന്നിലാണ്. കേരളത്തിൽ മുഴുവൻ സമയ യോഗ പരിശീലകരെ നിയമിച്ചതിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷത്തിനുള്ളിൽ ആയുഷ് പദ്ധതികൾക്കായി 532.51 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിവിധ ചികിത്സാ രീതികളെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പുതിയ തസ്തികകൾ സൃഷ്ടിച്ചു. 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.