ന്യൂഡല്‍ഹി : ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളെ ശിക്ഷാ ഇളവു നല്കി വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് ശിക്ഷാ ഇളവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയായിരുന്നു എന്നും ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിമര്‍ശിച്ചു.
പ്രതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒത്തുകളിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ല. ശിക്ഷാ ഇളവ് അപേക്ഷ പരിഗണിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനാണ് അര്‍ഹത. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇതു തട്ടിയെടുക്കുകയായിരുന്നു. നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതിന് തുല്യമാണിത്. അധികാരം ദുര്‍വിനിയോഗം ചെയ്തതിന്റെ പേരില്‍ ഉത്തരവ് റദ്ദാക്കുന്നുവെന്നും സുപ്രീംകോടതി ഡിവിഷന് ബെഞ്ച് വിധിച്ചു.
പ്രതികള്‍ മുമ്പ് ശിക്ഷാ ഇളവു തേടി സുപ്രീംകോടതിയെ സമീപിച്ചത് പല കാര്യങ്ങളും മറച്ചു വെച്ചാണ്. ഇക്കാര്യങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിന് അറിയാമായിരുന്നു. എന്നിട്ടും ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടുകയോ ഇടപെടുകയോ ചെയ്തില്ല. പ്രതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു എന്നും കോടതി വിമര്‍ശിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ 2022 ല്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചത്.
ഒരു പ്രതിക്ക് ഇളവ് നല്‍കുന്നത് പരിശോധിക്കാനുള്ള സുപ്രീകോടതിയുടെ 2022 ലെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഗുജറാത്ത് സര്‍ക്കാരിന് ഇളവ് നല്‍കാമെന്ന് ഒരു പ്രതിയുടെ കേസില്‍ സുപ്രീംകോടതി ബെഞ്ച് വിധിച്ചത് ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്ന സ്ഥലമോ ജയിലിൽ വാസം അനുഭവിച്ച സ്ഥലമോ ഏത് എന്നത് ഇളവ് നല്കാന് കാരണമല്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതാണ്. ഇരയായ സ്ത്രീക്ക് നീതി ലഭ്യമാക്കണം. ശിക്ഷ പ്രതികാര നടപടി അല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. ശിക്ഷാ നടപടി ഒരു മരുന്നാണ്. ഒരു കുറ്റവാളിക്ക് മാറ്റമുണ്ടാകണം എങ്കില്‍ അയാള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ബില്‍ക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കില്‍ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലുകളിൽ കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ബിൽകിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളായ ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്.