ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപപരാമര്‍ശത്തില്‍ കടുത്ത നിലപാടില്‍ ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി. മന്ത്രിമാരുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നും മറിയം ഷിയുന അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് പരാമർശം പിൻവലിച്ചു.
മോദിക്കെതിരായ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് മൂന്നു മന്ത്രിമാരെ മാലിദ്വീപ് പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ, മാലിദ്വീപ് സർക്കാർ ഇന്ത്യൻ ജനതയോട് മാപ്പുപറയണമെന്ന് മാലിദ്വീപ് എംപിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ഇവ അബ്ദുള്ള ആവശ്യപ്പെട്ടു. മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളെ പരസ്യമായി എതിർക്കാൻ സർക്കാർ തയാറാകണം. മന്ത്രിമാരുടെ പരാമർശം വംശീയപരവും അസഹിഷ്ണുതാപരവുമാണ്. പരാമർശങ്ങൾ തീർത്തും അപമാനകരമാണെന്നും ഇവ പറഞ്ഞു.