ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മാലദ്വീപ് മന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ.മാലദ്വീപ് മന്ത്രി അബുദുല്ല മഹ്സൂം മജീദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ച പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
“ബോയ്ക്കോട്ട് മാല്‍ഡീവ്സ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാനിരുന്നവര്‍ പലരും കൂട്ടത്തോടെ യാത്ര റദ്ദാക്കി.കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശിച്ച മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപുമായി ലക്ഷദ്വീപിനെ താരതമ്യം ചെയതുള്ള ചില ചര്‍ച്ചകള്‍ക്കും ഈ ചിത്രങ്ങള്‍ തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന മോദിയുടെ നടപടി മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണെന്ന് മന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
മഹത്തായ ആശയമാണ് മോദിയുടേത്. എന്നാല്‍ തങ്ങളോട് മത്സരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. മാലദ്വീപ് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ ഇന്ത്യയ്ക്ക് എങ്ങനെ നല്‍കാനാവും. ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും മന്ത്രി കുറിച്ചു.സംഭവത്തില്‍ മാലദ്വീപിനെതിരായ സമൂഹമാധ്യമ ക്യാമ്പയിന് ശക്തമായതോടെ മന്ത്രിയുടെ പരാമര്‍ശത്തെ തള്ളി മാലദ്വീപ് രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഇത് സര്‍ക്കാര്‍ നിലപാടല്ലെന്നും മാലദ്വീപ് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം പരാമർശം വിവാദമായതോടെ മന്ത്രി ട്വീറ്റ് പിൻവലിച്ചിരുന്നു.