കൊച്ചി: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്. ഇതിന്റെ ഭാഗമായി 14 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി.
സംസ്ഥാന ധനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷൻ. ജഐൻയു പ്രഫ. ഡോ. സി.പി. ചന്ദ്രശേഖർ, 13 ആം ധനകാര്യ കമ്മീഷൻ അംഗം ഡോ. ഇന്ദിര രാജരാമൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലീക് ഫിനാൻസ് ആന്റ് പോളിസിയിലെ ഡോ. പിങ്കി ചക്രബർത്തി, മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ച് പ്രഫ. ഡോ. അഷിമ ഗോയൽ, ഫെഡറൽ ബാങ്ക് റിട്ട. ചെയർമാൻ സി. ബാലഗോപാൽ, ടെക്നോപാർക്ക് ഫൗണ്ടർ സിഇഒ ജി. വിജയരാഘവൻ, യുഎൻഇപി ക്രൈസിസ് മാനേജ്മെന്റ് ഓപ്പറേഷൻസ് മാനേജർ ഡോ. മുരളി തുമ്മാരകുടി, ഐഐഎംകെ ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജി, എംഐഡിഎസ് ഡയറക്ടർ ഡോ. സുരേഷ് ബാബു, സെന്റർ ഫോർ ഡവലപ്മെന്റ് ഡയറക്ടർ ഡോ. സി. വീരമണി, റിട്ട ഐഎഎസ് ഉദ്യാഗസ്ഥനായ ആർ മോഹൻ, ഡോ. കെ.എം. എബ്രഹാം. ഡോ. സുർജിത്ത് ദാസ്, ജിഐഎഫ്ടി ഡയറക്ടർ ഡോ.കെ.ജെ. ജോസഫ് എന്നിവരാണ് വിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങൾ.
സാമൂഹിക മേഖലകളിൽ ചെലവ് കൂടുതലാണെന്നും 2024-25 ബജറ്റിനായി അധിക വിഭവ സമാഹരണത്തിന് നൂതന മാർഗം കണ്ടെത്തണമെന്നുമാണ് ഈ മാസം മൂന്നിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലുള്ളത്. അധിക വിഭവത്തിനായി എവിടെനിന്ന് വരുമാനം കണ്ടെത്തണമെന്ന് സമിതി റിപ്പോർട്ട് നൽകും. സംസ്ഥാനത്ത് ജിഎസ്ടി നടപ്പിലാക്കിയശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാർഗങ്ങൾ കുറവാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 800 കോടി കടമെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിനുള്ള കടപത്രങ്ങളുടെ ലേലം ജനുവരി ഒമ്പതിന് നടക്കും.