തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് രാജ്ഭവന് മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത് തെറ്റെന്നും എല്‍ഡിഎഫ് ആരോപിച്ചു.
ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്ന ഒന്‍പതിന് ഗവര്‍ണറെ ഇടുക്കി ജില്ലയിലേക്ക് ക്ഷണിച്ച് വരുത്തി പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടില്‍ നിന്ന് വ്യാപാരി നേതൃത്വം പിന്മാറണമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളും കാര്‍ഷിക പ്രതിസന്ധിയും മൂലം നിലനില്പിനായി പോരാടുന്ന മലയോര ജനതയ്ക്കെതിരെയുള്ള ശത്രുതാപരമായ ഈ നീക്കത്തില്‍ നിന്ന് ജില്ലയിലെ വ്യാപാരി സമൂഹം പിന്തിരിയണം.
ആര്‍എസ്എസിന്റെ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിറഞ്ഞാടുന്ന ഗവര്‍ണറെ വ്യാപാരി നേതൃത്വം ഇടുക്കിയിലേക്ക് ക്ഷണിച്ചുവരുത്തുന്നത് അപകടകരമായ നീക്കമാണ്. ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് പരോക്ഷമായ പിന്തുണ നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കെ കെ ശിവരാമന്, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, ജിന്സണ് വര്‍ക്കി എന്നിവര്‍ പറഞ്ഞു.