ആലപ്പുഴ : രഞ്ജി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്വന്തം തട്ടകത്തിൽ ഉത്തർപ്രദേശിനെ നേരിട്ട് കേരളം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുപി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 എന്ന നിലയിലാണ്. നായകനും സീനിയർ ഇന്ത്യൻ ടീം താരവുമായ റിങ്കു സിംഗിന്റെ പ്രകടനമാണ് യുപിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ആദ്യം ബാറ്റിംഗ് ആരംഭിച്ച യുപിക്ക് സ്കോർ 17ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ കേരള ബൗളർമാർ യുപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 124 എന്ന നിലയിലേക്ക് കൂപ്പുക്കുത്തിയ യുപിയെ കരകയറ്റിയത് റിങ്കു സിംഗും ധ്രുവ്ചന്ദ് ജൂറലും ചേർന്നാണ്.
ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 റൺസ് കൂട്ടിച്ചേർത്തു. യുപിക്കായി പ്രിയം ഗാർഗ് (44 റൺസ്), ക്യാപ്റ്റന്‍ ആര്യന് ജുയല്‍ (28 റൺസ്), സമീര്‍ റിസ്വി (26 റൺസ്), സമര്‍ഥ് സിംഗ് (10 റൺസ്), അക്ഷ്ദീപ് നാഥ് (9 റൺസ്) എന്നിവരാണ് പുറത്തായത്.
കേരളത്തിനായി ബേസിൽ തമ്പി, എം. ഡി. നിധീഷ്, വൈഷ്ണവ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജു സാംസൺ ആണ് കേരളത്തെ നയിക്കുന്നത്.